Latest Updates

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2025-26 അധ്യയനവർഷത്തിൽ നിന്ന് 5, 6, 7 ക്ലാസുകളിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇപ്പോൾ എട്ടാം ക്ലാസിൽ നടപ്പിലാക്കിയ ഈ രീതിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കു പുനഃപരീക്ഷ നടത്തും. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കും ഒന്‍പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്‌പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30 ശതമാനം മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം, 2026-27 അധ്യയനവർഷത്തിൽ മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം നേടാൻ ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ കുറഞ്ഞത് 30 ശതമാനം മാർക്ക് നേടേണ്ടതുണ്ടാകും. ഇപ്പോഴത്തെ 10 ശതമാനം മാർക്കിൽ വിജയം ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി. തുടർ മൂല്യനിർണയത്തിന്റെ ഭാഗമായി ലഭിക്കുന്ന 20 ശതമാനം മാർക്കിനുപുറമേ എഴുത്തുപരീക്ഷയുടെ ഗൗരവം നിലനിർത്തുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പത്താം ക്ലാസിലെ മോഡൽ പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാനാകാത്ത വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് മുമ്പായി പ്രത്യേക ക്ലാസുകളും നടത്താൻ തീരുമാനം എടുത്തിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice